“തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ
ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്ട്രനിർമിതിയിലെ തന്റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു.
നിലവിലെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. പരിഷ്കരണ പ്രക്രിയയുടെ ജോലികൾ ഇന്നലെ തുടങ്ങി. ആധാർ കാർഡ് അടക്കം 12 തിരിച്ചറിയൽ രേഖകൾ പരിഗണിക്കും. പക്ഷേ, നിരവധി പേർക്ക് അതോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. അതുകൊണ്ട് കാര്യങ്ങൾ അതിന്റെ വഴിക്കു പോകും എന്നു കരുതി അലസരായിരിക്കരുത്. ഓരോരുത്തരും താന്താങ്ങളുടെ പേരുകൾ രേഖപ്പെടുത്തുകതന്നെ വേണം. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലെ പരാതികൾ ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ജാഗരൂകരാകണം.
നവംബർ നാലു മുതൽ ഡിസംബർ നാലുവരെ വീടുവീടാന്തരമുള്ള പേരു ചേർക്കലിൽ നിശ്ചിത ഫോം പൂരിപ്പിച്ചു നൽകണം. ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടുവരെ പരാതികളുണ്ടെങ്കിൽ സമർപ്പിക്കാം. പരാതി കേൾക്കലും പരിശോധനയും ഡിസംബർ 31 വരെ നടത്തും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡ്/സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് തുടങ്ങിയ 12 രേഖകളിലൊന്ന് തിരിച്ചറിയലിനായി നൽകാം.
പക്ഷേ, പരിഷ്കരണത്തിന്റെ അടിസ്ഥാനമായെടുത്തിരിക്കുന്ന 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരത്വം തെളിയിക്കാൻ അവ മതിയാകില്ല. ഒക്ടോബർ 13ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഓൺലൈനായി പ്രസിദ്ധീകരിച്ച 2002ലെ പട്ടികയിൽ 2025 ഓഗസ്റ്റിലെ പട്ടികയിലുണ്ടായിരുന്ന 53.25 ലക്ഷം പേർ ഇല്ലെന്ന് ഓർക്കണം. അവർക്ക് പുതിയ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ചില രേഖകൾ സമർപ്പിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പൗരത്വം തെളിയിക്കണം.
2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ മൂന്നായി തരംതിരിച്ചാണ് സമർപ്പിക്കേണ്ട രേഖകൾ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചാൽ മതി. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകളും കൊടുക്കണം.
2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും മാതാപിതാക്കളിൽ രണ്ടു പേരുടെയും ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. വോട്ടറുടെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ അവരുടെ, വോട്ടിന് അപേക്ഷിക്കുന്നവരുടെ ജനനസമയത്തുള്ള പാസ്പോർട്ടിന്റെയും വീസയുടെയും കോപ്പി സമർപ്പിക്കണം.
നടപടിക്രമങ്ങളുടെ സങ്കീർണതയോർത്ത് അതിൽനിന്ന് ഒഴിവായേക്കാമെന്ന് ഒരാളും കരുതരുത്. ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കുകയും അതിന്റെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാത്തവരും വോട്ട് ചെയ്യാത്തവരും എന്നു പറയേണ്ടിവരും. വോട്ടർപട്ടികയിൽ പേരില്ലാത്തവരെ പൗരത്വവുമായി കൂട്ടിക്കെട്ടി സംശയദൃഷ്ടിയോടെ കാണാനിടയാകുന്ന സാഹചര്യവും ഭാവിയിൽ തള്ളിക്കളയാനാകില്ല. വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നിട്ടും വോട്ട് ചെയ്യാത്തവരുടെ എണ്ണം വർധിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്, 18നും 19നും ഇടയ്ക്കുള്ളവരിൽ 40 ശതമാനത്തിൽ താഴെയാണ് വോട്ടർപട്ടികയിൽ പേരു ചേർത്തത് എന്നാണ്. പേരു ചേർത്തവരിൽ വലിയൊരു ശതമാനം വോട്ട് ചെയ്തുമില്ല. ഈ ഒഴിഞ്ഞുമാറൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ബൂത്ത് തലത്തിൽ വോട്ടർമാരുടെ പട്ടിക പരിശോധിക്കാനും ഇല്ലാത്തവരെ ചേർക്കാനുമുള്ള ചുമതല രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണം.
ആ ജനാധിപത്യ പ്രതിബദ്ധതതന്നെ തെരഞ്ഞെടുപ്പ് പ്രചാരണമായി മാറ്റാവുന്നതാണ്. കുടുംബാംഗങ്ങളും പരസ്പരം സഹായിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ പ്രചോദനം നൽകാനാകും. ഒരുവിധത്തിൽ വോട്ടവകാശം ഉറപ്പാക്കാൻ ഇത്തിരി ക്ലേശിക്കേണ്ടിവരുന്നത്, വോട്ടിന്റെ വില മനസിലാക്കാൻ സഹായിച്ചേക്കാം.
ജനാധിപത്യ-മതേതര സംരക്ഷണത്തിനും അതുവഴി രാഷ്ട്രനിർമാണത്തിനുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളാണ് വോട്ടർപട്ടികയിൽ ചേർക്കുന്നത്. എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. നമുക്കൊരു പങ്കുമില്ലാത്ത രാഷ്ട്രീയവ്യവസ്ഥയിൽ, വിലാസമില്ലാത്തൊരു അഭയാർഥിയാകില്ല നാം.